Home » Uncategorized » നാടും വീടും!

നാടും വീടും!

Advertisements

nadumബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി പരമേശ്വര്‍സ്ഥാന്‍ ക്ഷേത്രത്തില്‍ കടന്നതിന്റെ പേരില്‍ ആ ക്ഷേത്രം പുണ്യാഹം തളിച്ച് ശുദ്ധമാക്കിയെന്ന് പത്രവാര്‍ത്ത! ‘പുറമേയ്ക്ക് ലെനിനായി/ പൂജാമുറിയില്‍ പൂന്താനമായി’ പൊട്ടിപ്പിളരുംവിധമുള്ള ‘വിരുദ്ധബോധങ്ങളുടെ’ വളര്‍ച്ചയാണ് വിമോചനവാഞ്ചയെ പിറകില്‍നിന്ന് വെട്ടിവീഴ്ത്തുന്നത്. രാഷ്ട്രീയമാറ്റം സംഭവിക്കുമ്പോഴും, സമൂഹത്തില്‍ സമ്പൂര്‍ണ്ണമായ മാറ്റം സംഭവിക്കാത്തത് സാംസ്‌കാരിക പിന്നോക്കാവസ്ഥയുടെ സമ്മര്‍ദ്ദശക്തി അത്രമേല്‍ ഭീകരമായതുകൊണ്ടാണ്. വീടുകള്‍ക്കിന്നും ഇന്ത്യയില്‍ ‘ചരിത്രത്തെ’ പുറത്താക്കി വാതിലടക്കാന്‍ കഴിയും. നാട്ടിലെ പൊതുപ്രവര്‍ത്തകരെപ്പോലും വളരെ എളുപ്പം വീട്ടിലെ സ്വകാര്യ സേവകരാക്കി ‘സങ്കോചിപ്പിക്കാന്‍’ നിലവിലുള്ള ഗാര്‍ഹിക സംവിധാനങ്ങള്‍ക്ക് എളുപ്പം സാധിക്കും! ‘എന്റെ വീട്ടിലിതൊന്നും നടക്കില്ല’ എന്ന പുരോഗമനവാദികളുടെ കുറ്റബോ
ധവും യാഥാസ്ഥിതികരുടെ അഭിമാനബോധവും ഗ്രംഷി വിശേഷിപ്പിക്കുന്ന ‘വിരുദ്ധബോധത്തിന്റെ’ വിജയത്തെയാണ് വിളംബരം ചെയ്യുന്നത്. പുരോഗമന കാഴ്ചപ്പാട് തൊലിപ്പുറമെ പരിമിതപ്പെടുകയും, പിന്തിരിപ്പന്‍ നിലപാട് ചോരയിലാകെ കലരുകയും ചെയ്യുന്ന ഭീതിദമായ വിഭക്താവസ്ഥക്ക് വേദിയൊരുക്കുന്നതില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നേതൃത്വം വഹിക്കുന്നത് സവര്‍ണ്ണപ്രത്യയശാസ്ത്രമാണ്. ഏതൊരു രാഷ്ട്രീയ മാറ്റത്തെയും മെരുക്കിയെടുക്കാനുള്ള അതിന്റെ കഴിവിന് ഇന്ത്യാചരിത്രം സാക്ഷിയാണ്. വീടുകളില്‍ വെച്ചാണത് ഉല്പാദിപ്പിക്കപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്യുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ‘ഫോര്‍ഡിസം’ സൃഷ്ടിച്ച ഉല്പാദനപരമായ ‘കാര്യക്ഷമതയുടെ പശ്ചാത്തലത്തില്‍’ ‘ഫാക്ടറിയില്‍ വെച്ചാണ് മേല്‍ക്കോയ്മ പിറക്കുന്നത്’ എന്ന ഗ്രാംഷിയുടെ പ്രസ്താവം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ‘വീടുകളില്‍ വെച്ചാണ് മേല്‍ക്കോയ്മ പിറക്കുന്നത്’ എന്ന് തിരുത്തിയെഴുതാന്‍ കഴിയും. അത്രമേല്‍ ഫലപ്രദമായി ‘തന്മാത്രാതലത്തില്‍’ യാഥാസ്ഥിതിക ജീവിതവീക്ഷണത്തെ ഏത് പ്രതികൂലസന്ദര്‍ഭത്തിലും ശക്തമായി സംരക്ഷിക്കുന്നതിലും വളര്‍ത്തുന്നതിലും അത് വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. ഗാര്‍ഹിക ജീവിതത്തെ നിര്‍ണയിക്കുന്ന ‘ബന്ധമാതൃകകള്‍’ മുതല്‍ ആചാരാനുഷ്ഠാനങ്ങള്‍വരെ വ്യാപിച്ചുനില്‍ക്കുന്ന ‘പ്രത്യയശാസ്ത്രവലകള്‍’ക്കകത്തുവെച്ചാണ് ‘വിപ്ലവങ്ങള്‍’ ശ്വാസംമുട്ടി മരിച്ചു പോകുന്നത്. ഒരുല്പാദനസമ്പ്രദായത്തെതന്നെ മാറ്റാന്‍ കഴിയുമ്പോഴും ‘ഭാഷാപ്രയോഗരീതികളില്‍’ മാറ്റം വരുത്താന്‍ കഴിയാത്ത സാമൂഹ്യബന്ധങ്ങളില്‍ മാറ്റം
വരുത്താന്‍ കഴിയുമ്പോഴും വാസ്തുവിദ്യാരീതികളില്‍ മാറ്റം വരുത്താന്‍ കഴിയാത്ത ഒരു വിപ്ലവം അപൂര്‍ണ്ണമാണെന്ന് ഈഗിള്‍ട്ടണ്‍ നിരീക്ഷിക്കുന്നുണ്ട്. ന്യായയുക്തമായ ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കുന്ന വിപ്ലവത്തിന്, അതില്‍ ജീവിക്കാന്‍ പ്രാപ്തിയുള്ള പുതിയ മനുഷ്യരെകൂടി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വിപ്ലവങ്ങളൊക്കെയും കുടത്ത വെല്ലുവിളികള്‍ നേരിടും. ‘അപരവല്‍ക്കരണത്തിന്റെ സാങ്കേതികവിദ്യ’യില്‍ യൂറോപ്യന്മാരുടെ ആചാര്യന്മാരാവാനുള്ള യോഗ്യത ഇന്ത്യയിലെ സവര്‍ണ്ണഗുരുനാഥന്മാര്‍ക്കുണ്ട്. അതുകൂടി മനസ്സില്‍കണ്ടാവണം ‘നമ്മുടെ മനുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഹിറ്റ്‌ലര്‍ പാവമാണെന്ന്’ മുമ്പ് സഹോദരനയ്യപ്പന്‍ ‘ചുമ്മാ’ പറഞ്ഞത്!ചരിത്രവും തത്വശാസ്ത്രവും സാമൂഹ്യശാസ്ത്രവും സാഹിത്യവുമടങ്ങുന്ന മാനവിക വിഷയങ്ങളേയും മാതൃഭാഷയേയും തമസ്‌കരിക്കുക എന്ന കമ്പോളമന്ത്രം ഭക്തിപൂര്‍വ്വം നടപ്പിലാക്കുന്നതോടൊപ്പം മിത്തുകളും ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും അസംബന്ധങ്ങളും ഒരു തലമുറയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നതെങ്കില്‍ ‘തലയില്‍ വെളിച്ചം ചൂടിയ തലമുറകള്‍ക്കെന്‍ താലോലം’ എന്ന് ഇനിയൊരിക്കലും ഒരു കവിക്കും ആശംസിക്കേണ്ടി വരില്ല. ‘നിനക്ക് ചരിത്രം ഇഷ്ടമാണെന്ന് ഞാന്‍ കരുതുന്നു. കാരണം അത് ജീവിക്കുന്ന മനുഷ്യരെക്കുറിച്ചാണല്ലോ……..’ ജയിലില്‍ നിന്ന് മൂത്തമകന്‍ ഡീലിയോക്ക് ഗ്രാംഷി അയച്ച കത്തില്‍ നിന്നുമുള്ള ഒരു വാചകമാണ് മുകളില്‍ ഉദ്ധരിച്ചത്. എന്നാല്‍ ഇന്ത്യയിലിപ്പോള്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചരിത്രം കൊല്ലാന്‍ വേണ്ടി പരസ്പരം മസിലുപിടിക്കുന്ന ഒരവസ്ഥയിലേക്ക് മനുഷ്യരെ തള്ളിവിടുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസമണ്ഡലത്തില്‍ കാര്യങ്ങള്‍ അത്രമാത്രം ഭീതിദമാം വിധമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ‘ചരിത്രം ഭരണകൂടത്തിന്റെ പ്രചാരണമായിത്തീരുമ്പോള്‍ അത് പഠനത്തിന്റെ മരണമായിത്തീരുന്നു’ എന്ന രാജീവ് ധവാന്റെ നിരീക്ഷണം വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണ പശ്ചാത്തലത്തില്‍ അത്യന്തം പ്രസക്തമാണ്. ഒരു ആര്‍ എസ് എസ് സര്‍സംഘ് ചാലകായ രാജുഭയ്യയുടെ പുസ്തകം പുരാണത്തിലെ ബ്രഹ്മാസ്ത്രം വാസ്തവത്തില്‍ ആറ്റംബോംബ് തന്നെയായിരുന്നുവെന്നത്രേ അവകാശപ്പെടുന്നത്. ഒരു വശത്ത് വേണ്ടത്ര ഫണ്ടില്ലെന്ന കാരണം പറഞ്ഞ് യു ജി സി നിരവധി ശാസ്ത്രപ്രോഗ്രാമുകള്‍ നിര്‍ത്തലാക്കുകയും, മറുവശത്ത് അതേ യു ജി സി അന്ധവിശ്വാസജന്യമായ അനുഷ്ഠാനങ്ങള്‍ക്കും ജോതിഷപഠനത്തിനും ആവേശപൂര്‍വം ഫണ്ടുകള്‍ നല്‍കുകയുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ത്(ഏഹീയമഹശ്വമശേീി മിറ വേല കിറശമി ജലീുഹലജൃമഷമമെസവേശ യീീസ വീൗലെ). മാനവിക വിഷയങ്ങളോടുള്ള സാമ്രാജ്യത്വ പുച്ഛവും, അതിനെ അത്യന്തം വികലമാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളും പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമാണെങ്കിലും അന്തസ്സത്തയില്‍ അവ പരസ്പര പൂരകമാണ്. യാഗ-കമ്പ്യൂട്ടര്‍ബാന്ധവം സംസ്‌കാരകേന്ദ്രിതമായിരിക്കേണ്ട വിദ്യാഭ്യാസത്തെ സങ്കുചിത തൊഴില്‍ മാത്ര തലത്തിലേക്ക് വെട്ടിച്ചുരുക്കുക എന്ന സാമ്രാജ്യത്വ അജണ്ടയുടെ ഒരിന്ത്യന്‍ അവതാരമാണ്! ശാസ്ത്രത്തിന്റെ പരീക്ഷണ ശാലക്കു മുകളില്‍ സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്ന പുരാണത്തിന്റെ പതാക സംസ്‌കാരകേന്ദ്രിതമായ ഒരു വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ പതനത്തിന്റെ കൂടി പ്രതീകമാണ്.
സ്വന്തം മാത്രം ശ്രേഷ്ഠവും അന്യമെല്ലാം മ്ലേഛവുമായി മാറുന്ന മുറക്കാണ് മുന്‍വിധികള്‍ക്ക് മൂര്‍ച്ച കൂടുന്നത്. പരസ്പരം മനസ്സിലാക്കുക അസാധ്യമാകും വിധം അകന്നു ജീവിച്ച ഒരു കാലത്തിന്റെ അവശിഷ്ടം തന്നെയാണ് ആധുനിക ജീവിതത്തെ കടന്നാക്രമിക്കുന്ന മാരകായുധമായി മാറുന്നത്. സമീപകാലത്ത് സംഭ്രമിപ്പിക്കും വിധം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആചാരപരതക്ക് പിന്നിലും ഭ്രാന്തമതാഘോഷങ്ങളുടെ പിറകിലും ജനാധിപത്യത്തെ പുച്ഛിക്കുന്ന വിവാദങ്ങളിലും പതിയിരിക്കുന്നത് ഭൂതകാലപൂജയും ലജ്ജിപ്പിക്കുന്ന മുന്‍വിധി വിധേയത്വവുമാണ്. സാമൂഹ്യവളര്‍ച്ചക്കൊപ്പം സ്വയം വളരാനോ, അല്ലെങ്കില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ മുമ്പില്‍ നിന്ന് വഴിമാറികൊടുക്കാനോ കഴിയാത്ത ആചാരങ്ങള്‍ തന്നെയാണ് അനാചാരങ്ങളായി മാറുന്നത്. ചടങ്ങുകള്‍ മനോഹരമായ ഒരാരംഭത്തിനുള്ള ആമുഖങ്ങളാകുന്നതിനു പകരം ചങ്ങലകളാകുന്നത് സന്ദര്‍ഭങ്ങളോട് തല്‍സമയം പ്രതികരിക്കാനുള്ള കഴിവ് അതിന് നഷ്ടപ്പെടുമ്പോഴാണ്. ‘കണ്ടോ ഞങ്ങളെത്ര കേമം’ എന്നു സ്ഥാപിക്കാനുള്ള സങ്കുചിത ശ്രമങ്ങള്‍ക്ക് ഇന്ന് ഊര്‍ജ്ജം പകരുന്നത് മതതത്ത്വശാസ്ത്രങ്ങളല്ല, മറിച്ച് മത ജാതി മുന്‍വിധികളും അതിന്റെ ഭാഗമായ അനുഷ്ഠാനങ്ങളുമാണ്. ശാസ്ത്രീയമായ അറിവിന്റെ അഭാവത്തില്‍ രൂപപ്പെടുന്ന അന്ധമായ പക്ഷപാതം മാത്രമല്ല മുന്‍വിധി. മറിച്ച് തങ്ങളൊഴിച്ച് മറ്റാര്‍ക്കും മോക്ഷം കിട്ടുകയില്ലെന്നും അവരൊന്നും ഗുണം പിടിക്കില്ലെന്നും അവര്‍ക്കൊന്നും യഥാര്‍ത്ഥ കഴിവുകളില്ലെന്നും കരുതുന്ന അപകടകരമായ സങ്കുചിതത്വമാണത്. സമസ്തസങ്കുചിതത്വങ്ങളോടും വിടചോദിക്കാനുള്ള വീര്യമാര്‍ന്ന ശ്രമം ആരംഭിക്കുന്നിടത്തുവെച്ചാണ് സ്വാതന്ത്ര്യത്തിന്റെ ലോകം ആരംഭിക്കുന്നത്. ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നതല്ല, വീടുകള്‍ നാടിനെ വിഴുങ്ങുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: