Home » Uncategorized » അതോടെ ശുംഭന്‍ ശുഭനാവും!

അതോടെ ശുംഭന്‍ ശുഭനാവും!

Advertisements

വാക്കിപ്പോള്‍/ നഗ്നനായിഎരിയുന്ന നരനാണ്/ കുറ്റം ചെയ്തത്‌കോടതിയാണ് എ. അയ്യപ്പന്‍

kerala1
വഞ്ചി ഇപ്പോഴും അക്കരനിന്നും പുറപ്പെട്ടിട്ടില്ല. എത്ര കൂവിവിളിച്ചിട്ടും കടത്തുകാരന്‍ കേള്‍ക്കാത്തത്‌കൊണ്ടാവുമോ? കൂവല്‍ ഇന്നും മാന്യമായ കടവ്ഭാഷയാണ്. ആരും കടവത്ത്‌ചെന്ന് കടത്തുകാരന്റെ പേര് വിളിക്കാറില്ല. ഇങ്ങട്ട് വരൂ എന്നും വിളിക്കാറില്ല. പകരം തോണി, അക്കരയാണെങ്കില്‍, ഇക്കരനിന്നൊരു കൂക്കാണ്. അതുകേള്‍ക്കേണ്ട താമസം കടത്തുകാരന്‍ ഇക്കരക്ക് ആഞ്ഞു തുഴയും. ഫാറൂഖ്‌കോളേജില്‍ അധ്യാപകനായി ചേര്‍ന്നപ്പോഴാണ്, ജീവിതത്തില്‍ ആദ്യമായി ഒരു മരണകൂക്ക് അറിയാതെ എന്നില്‍നിന്നും പുറത്തുവന്നത്. സത്യംപറഞ്ഞാല്‍ ഇത്രയേറെ ശബ്ദം എനിക്കുണ്ടെന്ന് അന്നാണ് ഞാനും മനസ്സിലാക്കിയത്. ഉച്ചക്ക്‌ശേഷം എക്‌സാംഡ്യൂട്ടിയാണ്. കടവത്തെത്തിയപ്പോള്‍, തോണി നടുക്കെത്തിയിരിക്കുകയാണ്. ഇനിയത് അക്കരയെത്തി, ആളെ ഇറക്കി, അവിടെനിന്നുള്ള ആളുകളെയും കയറ്റി ഇക്കരയെത്തുമ്പോഴേക്കും പരീക്ഷ കഴിയും. പിന്നത്തെ അവസ്ഥ ആലോചിക്കാനേ വയ്യ.കോളേജില്‍ ചേര്‍ന്ന സമയമാണ്. തുടക്കംതന്നെ പരീക്ഷ പൊളിച്ചാല്‍ പിന്നീടുണ്ടാവുന്ന പൊല്ലാപ്പുകള്‍ ഓര്‍ക്കാനേ വയ്യ. അങ്ങിനെയൊരവസ്ഥയിലാണ്, എല്ലാ തോണിനൈതികതയും തെറ്റിച്ചുകൊണ്ട് ഞാനൊരു വല്ലാത്ത കൂവല്‍ കൂവിയത്. തോണി നടുക്കെത്തിയാല്‍ പിന്നെ തോണിയെ ഇക്കരക്കുതന്നെ തിരിച്ചുവിളിക്കുന്നത്, എത്ര അത്യാവശ്യമാണെങ്കിലും ശരിയല്ല. അതാണിപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടോ തോണിക്കാരന്‍ ഇക്കരക്കുതന്നെ തിരിച്ചു തുഴഞ്ഞു. കൂവലിന്റെ സ്വരഭേദം തിരിച്ചറിഞ്ഞ് തുഴച്ചിലിന് വേഗം കൂട്ടാനും കുറയ്ക്കാനും കടത്തുകാരെ ആരും പ്രത്യേകം പഠിപ്പിക്കേണ്ട. ചങ്കിലെ ചോരകലര്‍ന്ന കൂവല്‍ ഏത് തിരക്കിലുമവര്‍ തിരിച്ചറിയും. അപ്പോ തുഴച്ചിലിന് വേഗം കൂടും. കടത്തുകാരനൊപ്പം തൊട്ടടുത്തുള്ളവരും അടുത്തുവന്നു. എന്തുപറ്റി? കുറേക്കാലമായി കടവത്ത് വെച്ച് കാണുന്നവരാണെല്ലാവരും. അവരൊക്കെയും വിരണ്ടിരിക്കുകയാണ്. പ്രശ്‌നം ഒരുവിധം പറഞ്ഞൊപ്പിച്ചു. പരീക്ഷ പൊളിയും, അതുകൊണ്ട് ഒരു മരണക്കൂക്ക് കൂവിപ്പോയതാണ്! പൊറുക്കണം. അവര്‍ പറഞ്ഞു. ഞങ്ങള്‍ പേടിച്ചു, വല്ല പാമ്പോ മറ്റോ……..ഹാവൂ ആശ്വാസമായി. എനിക്കും! അതിനുശേഷവും ഞാന്‍ തോണിക്ക് കൂവിയിട്ടുണ്ട്. പക്ഷേ അതൊന്നും ഇത്ര കടുത്തതായിരുന്നില്ല.മീന്‍കൂക്ക്, പെട്ടന്ന് കറന്റ് പോവുമ്പോഴുള്ള തിയേറ്റര്‍/ഹോസ്റ്റല്‍കൂക്ക്, ചൈത്താന്‍കൂക്ക്, പരസ്പരം തോല്‍പ്പിക്കാനുള്ള മത്സരിച്ചുള്ള മുദ്രാവാക്യം വിളി ചിതറുമ്പോള്‍ ഒടുവില്‍ സംഭവിക്കുന്ന അലമ്പ്കൂക്ക്, ഹിമാലയന്‍ വങ്കത്തം മാത്രം നിരന്തരം ആവര്‍ത്തിച്ച് മുന്നേറുന്ന പ്രഭാഷകരെ ഇരുത്താനുള്ള പ്രതിഷേധ കൂക്ക്, ഒന്നിനും വേണ്ടിയല്ലാത്ത വെറും കൂക്ക്, പേടിയില്‍നിന്നും രക്ഷപ്പെടാന്‍ മൂളിപ്പാട്ടെന്ന് സ്വയംപേരിട്ട് നിര്‍വ്വഹിക്കുന്ന പാട്ട്കൂവല്‍, ശരിക്കുമൊന്ന് കൂവാന്‍ തോന്നിയിട്ടും മാഷായിപ്പോയതുകൊണ്ട് മാത്രം കൂവലൊതുക്കി നിന്നപ്പോള്‍ ഉള്ളില്‍ സംഭവിച്ച നിലവിളികൂക്ക്, അങ്ങിനെയെത്രയെത്രയോ കൂവലുകള്‍ക്കിടയിലാണ്, ഇപ്പോള്‍പോലും നാം കഴിഞ്ഞുകൂടുന്നത്.കൂവല്‍ഭാഷയാവണം ഏറ്റവും പ്രാചീനമായ ശബ്ദഭാഷ. എന്നും ആംഗ്യഭാഷ അതിന് മുമ്പില്‍ നടക്കുകയോ അകമ്പടി സേവിക്കുകയോ, അതല്ലെങ്കില്‍ അദൃശ്യമായി അതിനൊപ്പമായിരിക്കുകയോ ചെയ്തിട്ടുണ്ടാ
വണം. പല അനുഭവങ്ങള്‍ കൂവല്‍വഴി അന്ന് വിനിമയം ചെയ്യപ്പെട്ടിരിക്കണം. അര്‍ത്ഥഭേദങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു കൂവല്‍ ശബ്ദതാരാവലി പോലും സാധ്യമായേക്കും. ആഹ്ലാദകൂക്ക്, അപകടകൂക്ക്, ചിന്താ
കൂക്ക്, വികാരകൂക്ക്, ഒളികൂക്ക്, തുറകൂക്ക്, തെറികൂക്ക്, മരണകൂക്ക് എന്നിങ്ങനെ അവയെ സന്ദര്‍ഭമനുസരിച്ച് വിഭജിക്കാന്‍ കഴിയും. കൂകൂ തീവണ്ടി കൂക്കും, കുയില്‍ കൂവലും, കൂവലിനെ ഇണക്കിയ ചൂളംവിളിയുമടക്കം പിന്നെയും വകഭേദങ്ങളും കണ്ടെത്താന്‍ കഴിയും! അന്ന്, പരീക്ഷാഡ്യൂട്ടിക്ക് സമയത്തിന്മുമ്പ് എത്താനാവാതെ പോവുമല്ലോ എന്നോര്‍ത്ത്, അറിയാതെ കൂവിപ്പോയ മരണകൂക്കിനെ അപകടകൂക്കില്‍ ഉള്‍പ്പെടുത്താന്‍ കഴിയും! ഇത്രയും പറഞ്ഞുവരുന്നത്, ഒരു കൂവല്‍ പ്രശംസാപ്രബന്ധം രചിക്കാനുള്ള കൗതുകംകൊണ്ടല്ല. കുട്ട്യോളും മാഷമ്മാരും ഡോക്ടറും പോലീസുമെല്ലാം പകല്‍ സമയത്ത് ഒരു ഒളിമറവുമില്ലാതെ ഹൃദയംതുറന്ന് കൂവുന്ന ഏകസ്ഥലം എന്നര്‍ത്ഥത്തില്‍ ഇന്നും സ്വന്തം പ്രാചീനവിശുദ്ധി കാത്തുസൂക്ഷിക്കുന്ന കടവുകളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനല്ല. പോലീസും പിന്നെ എസ് ഐയും കൂവുന്ന ഏകസ്ഥലം ഇന്നും കടവാണ്. പിടക്കോഴികള്‍ക്ക് പോലും അവിടെ കൂവുന്നതിന് വിലക്കുകളില്ല! അവിടെ പ്രോട്ടോക്കോള്‍ ഇല്ല. പൂര്‍ണതനോക്കി പായുന്ന പുഴയെപ്പോലെ അവിടെയുള്ളത് തുല്യതയില്‍ തുഴയുന്ന കൂവലുകളാണ്. ശ്മശാനം മാത്രമല്ല, കടവുകളും അദ്ധ്യാത്മ വിദ്യാലയങ്ങളാണ്.പ്രസംഗിക്കുമ്പോള്‍ കൊള്ളരുതായ്മകളോടുള്ള അമര്‍ഷം ആരുടെ ചുളിവില്ലാത്ത ഭാഷയിലും ചളി കോരിയിടും. അപ്പോഴൊക്കെ ഞാന്‍ ചെയ്യാറുള്ളത്, ആ അമര്‍ഷം അതിനെ ഉള്‍ക്കൊള്ളാനര്‍ഹമായ കഠിനവാക്കുകളില്‍ അവതരിപ്പിക്കാതെ, കുത്ത്……കുത്ത് എന്ന് പറഞ്ഞൊഴിയുന്ന രീതിയാണ്. കേള്‍ക്കുന്നവര്‍ ഉചിതമാം വിധം പൂരിപ്പിക്കുമല്ലോ എന്ന പ്രതീക്ഷയില്‍. സാംസ്‌കാരിക പ്രസംഗങ്ങളില്‍ ഇത് സ്വാഗതാര്‍ഹമാവുമെങ്കിലും, പ്രതിഷേധപ്രസംഗങ്ങളില്‍ ഈ രീതി പരിഹാസ്യമാകും. അനീതിയോടുള്ള അമര്‍ഷം ഒരുവന്റെ ആകാരംപോലും വികൃതമാക്കുമെന്ന് ബ്രെഹ്ത്! പിന്നെയല്ലേ ഒരു…………….സത്യത്തില്‍, പൊതുവായതെല്ലാം അപഹരിക്കപ്പെടുന്നതിനെതിരെയുയര്‍ന്ന പ്രബുദ്ധമായ പ്രക്ഷുബ്ദ്ധതയുടെ ഉജ്ജ്വലമായൊരു കൂവല്‍ എന്നര്‍ത്ഥത്തിലാണ്, ആദ്യം എം വി ജയരാജനിലൂടെയും പിന്നീട്
ബഹുമാനപ്പെട്ട കോടതിയിലൂടെയും ശ്രദ്ധയാര്‍ജ്ജിച്ച സമകാലിക ശുംഭന്‍ പ്രസക്തമാവുന്നത്. മറ്റൊരു വാക്കിനും കിട്ടാത്തൊരു മഹത്വമാണ് ശ്രീ/ജ ശുംഭന് കിട്ടിയിരിക്കുന്നത്! ഒരുപാട് അര്‍ത്ഥങ്ങള്‍ ആ വാക്കി
നുണ്ടാവാമെങ്കിലും ഒരു പൊതുപ്രവര്‍ത്തകന്റെ മനസ്സില്‍നിന്നും തൂവിയ ഒരു പ്രതിഷേധകൂവല്‍ മാത്രമായി കണ്ട് കോടതിക്കത് മാപ്പാക്കാന്‍ കഴിയണമായിരുന്നു. തെറി സാധാരണഗതിയില്‍ ഒരു
നിര്‍വ്വാഹവുമില്ലാത്ത സന്ദര്‍ഭത്തില്‍ സംഭവിച്ചുപോവുന്നതാണ്. ബോധമനസ്സിന്റെ സര്‍വ്വ നിയന്ത്രണങ്ങളും പൊളിച്ച് അബോധമനസ്സില്‍നിന്നും തെറിച്ചു വരുന്നതാണത്. വേണ്ട, വേണ്ട എന്ന് വിചാരിച്ചതാണ്. ന്നെക്കൊണ്ട് നീ പറയിപ്പിച്ചതാണ് എന്നൊക്കെ, വഴക്കിന്റെ നേരങ്ങളില്‍ എല്ലാവരും പറഞ്ഞുപോകാവുന്ന പതിവ് വാക്യങ്ങളാണ്. ഒരര്‍ത്ഥത്തില്‍ നമ്മള്‍ തെറിയെ തൊഴണം. ഒളിച്ചുകഴിയാനാവാതെ വെളിയില്‍വന്ന
കച്ചറക്കാരനാണത്. കൈവിലങ്ങെങ്കില്‍ കൈവിലങ്ങ് എന്നാണത് വിനയത്തോടെ പറയുന്നത്. ശുംഭന്‍കുറ്റം മൂന്നാഴ്ചകൊണ്ട് തീരും. പക്ഷേ നഷ്ടപ്പെട്ട ജനാധിപത്യ അവകാശങ്ങള്‍ തിരിച്ചുകിട്ടാന്‍ എത്രമാസം,
കൊല്ലം കഴിയേണ്ടിവരും?
ശുംഭന്‍വാര്‍ത്തക്കിടയില്‍ സംഭവിക്കാതെപോയത് ആ പ്രയോഗത്തെ അനിവാര്യമാക്കിയ സന്ദര്‍ഭത്തെക്കുറിച്ചുള്ള ഗൗരവമായ സംവാദമാണ്. ജനാധിപത്യകമ്മ ആഘോഷിക്കപ്പെടുന്നതിനെതിരെയുള്ള സര്‍വ്വം മറന്നുള്ള എം വി ജയരാജനെപ്പോലുള്ളവരുടെ സമരോത്സുകതയെ സ്വാഗതം ചെയ്യാന്‍ ഒരു കോടതിക്കും കഴിയില്ലെന്നുള്ളത് സത്യമാണ്. കാരണം കോടതിയില്‍ നിക്ഷിപ്തമായ ദൗത്യം വേറെയാണ്. എന്നാല്‍ ബഹുജനങ്ങള്‍ക്കും, മാധ്യമങ്ങള്‍ക്കും, നിരത്തിലൊരു യോഗംകൂടാന്‍പോലും അനുവദിക്കപ്പെടാതാവുന്നൊരു കാലത്തിന്നെതിരെ ഒന്നുറക്കെ കൂവാന്‍പോലും കഴിയാതെപോവുന്നത് വളരെ ചീത്തയാണ്. ചീത്തയായ കാലത്ത് മിനിമം അതിനെതിരെ നാല് കൂവലെങ്കിലും ഉയരുന്നില്ലെങ്കില്‍, നിങ്ങളെയൊക്കെ എന്തിന് കൊള്ളുമെന്ന്, നിതാന്ത നിശ്ശബ്ദതയില്‍നിന്നും ചാടി എഴുന്നേറ്റ് കല്ലുകള്‍പോലും വിളിച്ചുചോദിക്കും! നാളെയല്ല, ഇന്നുതന്നെ!

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: