Home » Uncategorized » ‘ശബ്ദമൗനങ്ങള്‍ക്കിടയില്‍’പ്രാര്‍ത്ഥനകളുടെ മത-മതരഹിതമാനം

‘ശബ്ദമൗനങ്ങള്‍ക്കിടയില്‍’പ്രാര്‍ത്ഥനകളുടെ മത-മതരഹിതമാനം

Advertisements

 

ഒന്ന്
‘മൗനം’ ഭാഷയുടെ സൂക്ഷ്മ സാധ്യതകളുടെ ഒരെഡിറ്റിംഗിനും വഴങ്ങാ ത്ത, ഏറെ വൈവിധ്യമാര്‍ന്നൊരു സമാഹാരമാണ്. ഒരര്‍ത്ഥ ത്തിലും ഒതുങ്ങാ ത്ത കുതറല്‍ ശക്തിയും, ഏതര്‍ത്ഥ ത്തിലേക്കും പരക്കുന്ന വ്യാപനശേഷിയും അതിന് സ്വ ന്തമാണ്. വികാരസ്ഫോടനവും വിചാരധീരതയുമൊക്കെയായി സന്ദര്‍ഭാനുസരണം മൗന ത്തിന് സ്വയം പലതായി മാറാന്‍ കഴിയും. ഇന്ന് ‘മൗനം’ ഭാഷയുടെ ‘അധികശക്തി’യാണ്. ഒരു അപൂര്‍വ്വ പ്ലസ്. ശബ്ദം ഇല്ലാതാവുമ്പോഴല്ല, ശബ്ദ ത്തിന്‍റെ സാധാരണ അവസ്ഥയെയുമല്ല, അതിനുമ പ്പുറമുള്ള ഒരവസ്ഥയിലേക്കുള്ള അതിന്‍റെ ‘അധികമാന’െ ത്തയാണ് മൗനം ആഘോഷപൂര്‍വ്വം അടയാളെ പ്പടു ത്തുന്നത്. പതിവ് കൂട്ടലുകള്‍ക്കൊക്കെയുമ പ്പുറമായി വന്ന്കൂടുന്ന അര്‍ത്ഥെ പ്പരുമയുടെ ചുരുക്കമാണത്. നിത്യജീവിത ത്തിലുടനീളം, ശബ്ദ ത്തിന് മുമ്പിലും പിമ്പിലും ഒ പ്പവുമായി, ‘മൗനം’ പ്രവര്‍ ത്തിക്കും. അതോടൊ പ്പം ശബ്ദങ്ങള്‍ക്ക് കടന്നു ചെല്ലാനാവാ ത്ത വിസ്തൃത അഗാധാവസ്ഥകളിലേക്ക്, അതിവേഗം അത് കുതിക്കുകയും ചെയ്യും.

seven-e1339586608677

ബഹളമായി മാറുന്ന ശബ്ദവും; ഒളിച്ചോട്ടമായി തീരുന്ന മൗനവും, വിനിമയത്തെ ശിഥിലമാക്കുന്നു എന്നര്‍ത്ഥത്തില്‍ ഒരേ പ്രവണതയുടെ ഭാഗമാണ്. എന്നാല്‍ സന്ദര്‍ഭങ്ങള്‍ തന്നെയാണ്, ആത്യന്തികമായി, ‘ശബ്ദമൗനങ്ങളുടെ’ അര്‍ത്ഥ നിര്‍ണയത്തില്‍ സുപ്രധാനപങ്ക് വഹിക്കുന്നത്. ‘മൗനം വിദ്വാനുഭൂഷണം, അതിമൗനം ഭ്രാന്തിന്റെ ലക്ഷണം’ എന്ന ചൊല്ല്, മൗനമിതത്വത്തോടുള്ള ആദരവും; മൗനതീവ്രവാദത്തോടുള്ള അനാദരവുമാണ് പൊതുവില്‍ അടയാളപ്പെടുത്തുന്നത്. പക്ഷേ ദെസ്‌തോവ്‌സ്‌കിയുടെ കാരമസോവ് സഹോദരന്മാരിലെ ‘കാലം’ തെറ്റി വന്ന ‘യേശുവിന്റെ’ അതിമൗനം മതദ്രോഹവിചാരകനെ അസ്വസ്ഥചുഴികളിലേക്ക് വലിച്ചെറിയുകയാണുണ്ടായത്. ‘നിന്റെ ഭ്രാന്തുപിടിപ്പിക്കുന്ന മൗനമാണ് സഹിച്ചുകൂടാത്തത്’ എന്ന മതദ്രോഹവിചാരകന്റെ പൊള്ളിപ്പിടയലില്‍, ആ മൗനത്തിന്റെ തീയാണെരിയുന്നത്. ഹെര്‍മന്‍ ഹെസ്സെയുടെ ‘സിദ്ധാര്‍ത്ഥ’യിലും, മറ്റ് നിരവധി കൃതികളിലും ജീവിതാവസ്ഥകളിലും ‘അതിമൗനം’ ആരോഗ്യത്തിന്റെ ‘ആഘോഷമാവുന്നതും’ കാണാന്‍ കഴിയും! അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ‘ബഹളങ്ങള്‍’ വിനിമയങ്ങളുടെ നേതൃത്വം തന്നെ സ്വയം ഏറ്റെടുക്കുകയും ചെയ്യും! ‘മൗന’ത്തെ കേവലമായികൊണ്ടാടാനോ, ‘ബഹളങ്ങളെ’ നിത്യശല്യങ്ങള്‍ മാത്രമായി മുദ്രകുത്താനോ എല്ലായ്‌പോഴും കഴിയില്ലെന്ന് ശരിയായി തിരിച്ചറിയുമ്പോഴും, ‘ശബ്ദമാലിന്യങ്ങളെ’ സംസ്‌കരിക്കുന്ന പ്രക്രിയകളില്‍നിന്ന്, ‘വിനിമയസൂക്ഷ്മത’ സ്വപ്നംകാണുന്നവര്‍ക്കാര്‍ക്കും മാറിനില്‍ക്കാനാവില്ല. മര്‍ദ്ദകമായൊരധികാരശക്തിക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍, ‘ഇനിയുമുറക്കെ, ഇനിയുമുറക്കെ’ എന്നും, ‘ആകാശങ്ങള്‍ ഞെട്ടട്ടെ’ എന്നും വിളിച്ചു പറയാതിരിക്കുന്നതാവും കുറ്റകരം. ആരേയും കൊല്ലാനല്ല കേട്ടിട്ടും കേള്‍ക്കാതിരിക്കുന്ന അധികാരത്തിന്റെ ബധിരകര്‍ണ്ണങ്ങള്‍ തുറപ്പിക്കാനാണ്, തങ്ങള്‍ അസംബ്ലിയില്‍ ബോംബ് വെച്ചതെന്ന ഭഗത്‌സിംഗിന്റെ അന്നത്തെ പ്രഖ്യാപനം ‘ശബ്ദശക്തിയുടെ’ രാഷ്ട്രീയമൂല്യം തന്നെയാണ് ധീരമായി ആവിഷ്‌കരിച്ചത്. അപ്പോഴും വിശ്വാസികള്‍ സ്‌നേഹമൂര്‍ത്തിയായി സ്വയം മനസ്സിലുള്‍ക്കൊള്ളുന്ന ഒരു പ്രപഞ്ച മഹാശക്തിക്കുമുമ്പില്‍ സ്വന്തം തൊണ്ടപൊട്ടുമാറും, മറ്റുള്ളവരുടെ കാതടപ്പിക്കും വിധവും, ഭക്തിയുടെ ആവിഷ്‌കാരമെന്ന നിലയില്‍, നിരന്തരം ‘അലറിവിളിക്കേണ്ടത്’ അനിവാര്യമാണോ എന്ന ചോദ്യത്തില്‍ നിന്ന്, അത്രമേല്‍ എളുപ്പം ആര്‍ക്കും ഒഴിഞ്ഞു പോവാനാവില്ല. ഉള്‍വലിയുന്ന ശബ്ദമാണ് മൗനമെങ്കില്‍, അതേ ശബ്ദത്തിന്റെ പൊട്ടിത്തെറിയാണ് മുദ്രാവാക്യം. മന്ത്രിക്കുമുമ്പില്‍ ‘മുദ്രാവാക്യം’ മുഴക്കുന്നത്‌പോലെ ദൈവത്തിനു മുമ്പില്‍ ‘മുദ്രാവാക്യം’ വിളി വേണോ എന്നാലോചിക്കുമ്പോഴാണ് ‘ഭക്തിബഹള’ങ്ങളെക്കുറിച്ചൊരു സംവാദം അനിവാര്യമാകുന്നത്.

സാംസ്‌കാരിക ഔന്നത്യം സാക്ഷാത്ക്കരിക്കാന്‍ കഴിയാത്ത, ഏതൊരു സമൂഹത്തിലും ‘സ്വന്തമല്ലാത്ത’ എന്തിനോടും അസഹിഷ്ണുത രൂപപ്പെടാനിടയുണ്ട്. ‘സ്വന്തം’ സമീപനങ്ങളെ സര്‍വ്വതിന്റെയും ‘മാനദണ്ഡമാക്കുന്നത്’കൊണ്ട് മാത്രമല്ല; മറ്റുള്ളവര്‍ക്കും അതുപോലെ അവരുടെ സ്വന്തം സമീപനങ്ങളെ മാനദണ്ഡമാക്കാനുള്ള അവകാശമുണ്ടെന്ന് ആഴത്തില്‍ മനസ്സിലാക്കാനും, അംഗീകരിക്കാനുമുള്ള മടികൊണ്ടാണ്, അതിലുപരി ഒരാധുനിക മനുഷ്യനൊരിക്കലും വെച്ചുപുലര്‍ത്താന്‍ പാടില്ലാത്ത മുന്‍വിധികൊണ്ടാണ് ബഹുസ്വരസാധ്യതകളെയാകെ ഇല്ലാതാക്കുംവിധം നമുക്കിടയിലെ ‘നാര്‍സിസം’ എന്ന ആത്മരതി ക്രൂരമാവുന്നത്. ‘നിങ്ങള്‍ വിശ്വസിക്കുന്നവിധം ഞാന്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അത് തെളിയിക്കുന്നത് ഒരു കാര്യം മാത്രം. ഞാന്‍ വിശ്വസിക്കുന്നത്‌പോലെയല്ല നിങ്ങള്‍ വിശ്വസിക്കുന്നത്’ എന്ന് തോമസ്‌പെയിന്‍ പറഞ്ഞതിന്റെ ‘പൊരുള്‍’ ഉള്‍ക്കൊള്ളാനാവാത്തതിന്റെ ‘ദുര്‍ഗന്ധമാണ്’ സാംസ്‌കാരികജീവിതത്തെ അസഹ്യമാക്കുന്നത്. എത്രയോ കാലത്തെ പൊതുപ്രവര്‍ത്തന പരിചയമുള്ള ബാലകൃഷ്ണപിള്ളപോലും ഗ്രീക്ക് പുരാണത്തിലെ ‘സുന്ദരക്കുട്ടപ്പന്‍’ നാര്‍സിസിനെപ്പോലെ, ‘പുതുക്കപ്പെടാത്ത’ സ്വന്തം പ്രതിബിംബത്തില്‍ അഭിരമിക്കുന്നതാണ്, ഇപ്പോള്‍ നാം കാണുന്നത്. മുസ്ലിംപള്ളികളില്‍നിന്നും ബാങ്ക് വിളികേള്‍ക്കുമ്പോള്‍, പട്ടികുരക്കുന്നത്‌പോലെയുള്ള ഒരനുഭവമാണ് തനിക്കുണ്ടാവുന്നതെന്നാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. അങ്ങിനെയൊരനുഭവമാണ് ആ സമയത്ത് ഒരാള്‍ക്കുണ്ടാവുന്നതെങ്കില്‍ അത് പറയാനുള്ള അയാളുടെ ‘സ്വാതന്ത്ര്യം’ അംഗീകരിക്കപ്പെടണം. അതിനെക്കുറിച്ച് പ്രകോപിതരാവുന്നതിന്നു പകരം, എന്തുകൊണ്ടാണ്, ആത്മത്യാഗത്തിന്റെ പ്രോമിത്തിയുസുമാര്‍ക്കു പകരം നമ്മുടെ കാലം ആത്മരതി ആഘോഷിക്കുന്ന ‘നാര്‍സിസ്റ്റുകളെ’കൊണ്ട് നിറയുന്നതെന്ന സംവാദവും അനിവാര്യമായും ഉയര്‍ന്നുവരണം. ഒരാദര്‍ശാത്മക സമൂഹത്തില്‍, പരസ്പരം ‘ബഹളം വെക്കുന്ന’ വ്യത്യസ്ത വിശ്വാസങ്ങള്‍ക്കുപോലും സൗഹൃദത്തോടെ നിലനില്‍ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, നമ്മുടേത്‌പോലുള്ള ഒരു ‘ഒത്തുതീര്‍പ്പ്’ ‘അസഹിഷ്ണസമൂഹത്തില്‍’, വ്യത്യസ്തതകളെപ്പോലും പരസ്പര വിരോധങ്ങളാക്കി മാറ്റാന്‍, ‘വിധ്വംസകശക്തികള്‍’ ശ്രമിക്കും. അതിനെ പരാജയപ്പെടുത്താനുള്ള ഒരു പ്രധാനവഴി പ്രകോപനങ്ങളെ പ്രതിരോധിക്കുംവിധം സംവാദങ്ങളെ സജീവമാക്കുകയുമാണ്. ഒരു പ്രശ്‌നത്തെ ‘പല വീക്ഷണങ്ങളില്‍’ നോക്കി കാണാനുള്ള ധൈഷണികധീരത, പ്രശ്‌നങ്ങളെ സമചിത്തതയോടെ നോക്കികാണാന്‍ ചിലപ്പോഴെങ്കിലും സഹായിച്ചേക്കും. തിരക്കിട്ട് ‘തീര്‍പ്പുകള്‍’ കല്‍പ്പിക്കുന്നതിന്നു പകരം, ‘നില്‍ക്കട്ടെ നമുക്കൊന്നുകൂടി ആലോചിക്കാം’, എന്നൊരു സമീപനമായിരിക്കും ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രസക്തം. പിള്ളയുടെ ‘പട്ടിപ്രയോഗം’ അദ്ദേഹംതന്നെ പിന്‍വലിച്ചതിനാല്‍, ഇനി അത് വെച്ച് സമയം ദുര്‍വ്യയം ചെയ്യുന്നത് ശരിയല്ല. എന്നാല്‍ മനുഷ്യര്‍ ആക്ഷേപിക്കുന്ന ആ പട്ടിക്കുര എല്ലായ്‌പ്പോഴും അത്രമോശം കാര്യമല്ലെന്നുളളത് മറക്കുന്നത് കടുത്ത കൃതഘ്‌നതയാവും! ”കൂട്ടുകാരാ, ഭീരുത്വം മൂലം/ ഒരിക്കലും ഒരു പട്ടി കുരയ്ക്കാതിരിക്കുന്നില്ല/ ഇതാ കാലന്‍, ഇതാ കള്ളന്‍/ ഇതാ ജാരന്‍, ഇതാ പോസ്റ്റ്‌മേല്‍….പട്ടി എപ്പോഴും സ്വന്തം ദര്‍ശനം/ അപ്പോടെ വിളിച്ചു പറയുന്നു/ – ഒരു ദൈവത്തിന്റെയും വാഹനമല്ലാത്തവന്‍/ കൂട്ടുകാരാ, പറയേണ്ടതു പറയാതെ/ ഒരു പട്ടിപോലുമല്ലാതെ/ വാലുപോലുമില്ലാതെ/ നരകത്തില്‍പ്പോലും പോകാതെ/ ഈ സൗധങ്ങളില്‍ നാം ചീഞ്ഞുനാറുന്നു’ (കെ ജി എസ്).

ഓരോരുത്തര്‍ക്കും തുറന്നു പറയാനുള്ള സമ്പൂര്‍ണ്ണ അവസരം ഒരുക്കിയാല്‍, ബാലകൃഷ്ണപിള്ളയെപ്പോലും തോല്‍പ്പിക്കുംവിധമുള്ള ആശയങ്ങള്‍ നമുക്ക് നമ്മില്‍നിന്നുതന്നെ കേള്‍ക്കാന്‍ കഴിയും. ജനാധിപത്യം ചോര്‍ന്ന് തീരുന്ന മുറക്ക് ആശയങ്ങള്‍ക്ക് ചിറകുകള്‍ നഷ്ടമാവുകയും, അതൊരുവെറും ‘തേറ്റ’ മാത്രമാവുകയും ചെയ്യും. ആശയവിനിമയത്തേക്കാളേറെ, ‘പ്രകോപനപ്രസ്താവനകള്‍’ പങ്കുവെക്കുന്നത്, ഒരുതരം ബഹളമാണ്. വിചാരസൂക്ഷ്മതകള്‍ അന്യമായ; വികാരഭീകരതകളുടെ നഗ്നതാപ്രകടനമാണ് ‘പ്രകോപനപ്രസ്താവന’കളെ ഒരശ്ലീലമാക്കുന്നത്. ചിന്താരഹിതമായൊരാള്‍ക്കൂട്ടത്തിന്റെ അപരവിദ്വേഷത്തിന്റെ അലര്‍ച്ചകളാണതില്‍ ഇടിവെട്ടുംവിധം മുഴങ്ങുന്നത്. ബഹളം പലപ്പോഴും ആള്‍ക്കൂട്ടത്തിന്റെ മാതൃഭാഷപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ‘ആള്‍ക്കൂട്ടം കാണുകയും കേള്‍ക്കുകയും മാത്രമേ ചെയ്യുന്നുള്ളു. വൈകാരികാനുഭൂതികളെ ചിന്തകളായി മാറ്റാന്‍ അതിന് കഴിയില്ല.അതിന്റെ ആത്മാവും ഹൃദയവും മരവിച്ചു പോയിരിക്കുന്നു.'(ഗോര്‍ക്കി). ഒരാള്‍ക്കൂട്ടമുണ്ടാവാന്‍, ഒരു ‘സമൂഹ’മുണ്ടാവാനെന്നപോലെ ഒരുപാട്‌പേര്‍ എല്ലായ്‌പ്പോഴും അനിവാര്യമല്ല. സമൂഹമെന്നപോലെ ആള്‍ക്കൂട്ടവും മുന്നേ നിലനില്‍ക്കുകയും, പിന്നീട് വ്യക്തികള്‍ അതിലേക്ക് പ്രവേശിക്കുകയുമല്ല ചെയ്യുന്നത്. ‘സമാന’ അവസ്ഥകളെ ‘പൊതു അവസ്ഥകളാക്കി’ മാറ്റുന്ന ‘ആശയവിനിമയം’ സജീവമാകുന്നതിന്നനുസരിച്ചാണ് ‘സമൂഹം’ നിര്‍മിതമാവുന്നത്. ആശയവിനിമയപ്രക്രിയക്ക് ഗുരുതരമായ പരിക്കേല്‍ക്കുമ്പോഴാണ്, ഒരു സമൂഹം ‘ആള്‍ക്കൂട്ടമായി’ പരിമിതപ്പെടുന്നത്. അപ്പോഴാണ് മനുഷ്യര്‍ കൂട്ടമായിരിക്കുമ്പോഴും, ഒറ്റക്കാവുമ്പോഴും, സ്വയം സമൂഹമല്ലാതായിതീരുന്നത്. സ്വന്തത്തോട് ‘സ്വയം’ സംസാരിക്കാനുള്ള ശേഷി നഷ്ടപ്പെടുമ്പോഴാണ്, ‘ബഹളം വെക്കല്‍’ പലര്‍ക്കും ആശ്വാസപ്രദമായി തോന്നുന്നത്. Talk to yourself atleast once in a day, otherwise you may miss a meeting with an excellent person in this world” എന്ന് വിവേകാനന്ദന്‍. സ്വയം

SONY DSC

SONY DSC

സംസാരിക്കുമ്പോഴാണ് അറിയുന്നതിനെയെന്നപോലെ, അറിയാത്തതിനെയും നാം അറിയുന്നത്. അജ്ഞാതങ്ങളുമായുള്ള അഭിമുഖങ്ങള്‍ വര്‍ദ്ധിക്കുമ്പോഴാണ് ജ്ഞാനം സൂക്ഷ്മ സ്വഭാവമാര്‍ജിക്കുന്നത്. എന്നാല്‍ ആത്മാന്വേഷണങ്ങളെ അസാധ്യമാക്കുംവിധം ‘ബഹളം’ ശബ്ദമാലിന്യമായി മാറുമ്പോഴാണ്, സുന്ദര്‍സരൂക്കായി എഴുതിയത്‌പോലെ, Can we have some silence please” എന്ന് സര്‍വ്വരും ആഗ്രഹിച്ചു പോവുന്നത്. പൊതു ഇടങ്ങളില്‍ ഒരു സന്ദര്‍ഭപരിഗണനയും പുലര്‍ത്താത്ത വിധമുള്ള സ്വന്തം താല്പര്യസംരക്ഷണവ്യഗ്രതയേയാണ്, സുന്ദര്‍സരൂക്കായ് വിമര്‍ശന വിധേയമാക്കുന്നത്. ബഹളങ്ങള്‍ക്കിടയില്‍ സമൂഹത്തിന് നഷ്ടമാവുന്ന,അതിന്റെ ‘ധ്യാനാത്മക മാന’ത്തെക്കുറിച്ചാണ് അദ്ദേഹം വ്യാകുലനാവുന്നത്. തത്വചിന്തകളും മതങ്ങളും കലാസാഹിത്യ ആവിഷ്‌കാരങ്ങളും ‘ബഹളങ്ങള്‍ക്കെതിരെ’ ‘മൗനജാഗ്രത’ പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, സാംസ്‌കാരിക വിമര്‍ശകനായ ഫൂക്‌സ് വ്യക്തമാക്കിയ ആധുനിക ‘പ്രചാരണയുഗ’ത്തിനുമുമ്പില്‍ ‘മൗനലോകം’ പരവശപ്പെടുന്നതാണ് നാം കാണുന്നത്. ‘ചിന്തിക്കല്‍, എത്ര ആഹ്ലാദകരമാണ്’ എന്ന ബ്രെഹ്തിന്റെ പഴയ ശുഭാപ്തി വിശ്വാസം ‘ഒന്ന് വെച്ചാല്‍ രണ്ട്’ ആഘോഷിക്കുന്ന പരസ്യബഹളങ്ങള്‍ക്കു മുമ്പില്‍ ശ്വാസംമുട്ടുന്നതിന്നാണ് നിസ്സഹായതയോടെ ഇപ്പോള്‍ നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. ‘എന്തൊരു വെട്ടം ചുറ്റും/ കണ്ണുകള്‍ പൊട്ടുന്നു/ എന്തൊരിരമ്പം ചുറ്റും കാതുകളടയുന്നു’ എന്ന് കക്കാട്. ‘മകന്റെ പുതുകണ്ണിനിനി/ കിടിലമാണുപോലുമുത്സവം/ അവന്റെ കാതുകള്‍ കേള്‍ക്കയില്ലിനി/ ഉറുമ്പുതന്‍ രഹസ്യ ഭാഷണം’ എന്ന് ചുള്ളിക്കാട്. എന്തിനധികം, ശബ്ദമുഖരിതമായൊരന്തരീക്ഷത്തില്‍, ‘നിശ്ശബ്ദത’ ഉണ്ടാക്കാന്‍ പോലും, ‘സയലന്‍സ് പ്ലീസ്’ എന്ന് അലറി മേശപ്പുറത്ത് ഉറക്കെ അടിച്ച്, മലയാളത്തില്‍ ‘കരയേണ്ട’ ഒരവസ്ഥയിലാണല്ലോ ഇപ്പോള്‍ നാം!
‘ഒച്ചാട്ടുക, ഒച്ചയിട്ട് പേടിപ്പിക്കുക’ തുടങ്ങിയ പ്രയോഗങ്ങള്‍ അധികാരശാസനകളുടെ സംഗ്രഹമെന്ന അര്‍ത്ഥത്തില്‍ നമുക്ക് പരിചിതമാണ്. എങ്കിലും വളര്‍ച്ചയുടെ ആദ്യഘട്ടം പൊതുവില്‍ ഒച്ചകളുടെയും, ‘പക്വഘട്ടം’ മൗനത്തോട് അടുത്തുമായാണ്, നിലനിന്നു കാണാറുള്ളത്. അധികാരലോകം നിര്‍വ്വചിക്കപ്പെടുന്നത് ഒച്ചകളുടെയും, അതിനെ പ്രതിരോധിക്കുന്ന ബദല്‍ ഒച്ചകളുടെയും സാന്നിധ്യംകൊണ്ടായിരിക്കും. എന്നാല്‍ സ്‌നേഹാര്‍ദ്രമാവുന്ന ഭൗതിക-ആത്മീയ ബന്ധങ്ങള്‍, ഒച്ചയെയും, അതിന്റെ ആവിഷ്‌കാര രൂപമായ ‘ബഹള’ത്തെയും അനുകരിക്കുകയല്ല, ഒരു ‘മൗനബദല്‍’ കെട്ടിപ്പടുക്കുകയാണ് വേണ്ടത്. രണ്ടുപേര്‍ പരസ്പരം നോക്കുമ്പോള്‍പോലും ജീവിതം പൂന്തോപ്പായി തീരുന്നത് അങ്ങിനെയാണ്. ‘പ്രാര്‍ത്ഥന’ ‘മുദ്രാവാക്യം’ വിളിയായി മാറാതിരിക്കാനുള്ള ജാഗ്രത പലവിധ കാരണങ്ങളാല്‍ മതസംഘര്‍ഷങ്ങള്‍ അവസാനിക്കാത്ത ഒരു സമൂഹത്തിലെ ആദ്യ കാര്യപരിപാടിയായി പരിഗണിക്കാന്‍ ‘മതവിശ്വാസികള്‍’ തന്നെയാണ് ആദ്യം നേതൃത്വമെടുക്കേണ്ടത്. അരനൂറ്റാണ്ടിന്മുമ്പ്, ‘കടല്‍കാക്ക’കള്‍ എന്ന കവിതയില്‍ മറ്റു പലതിനൊപ്പം, ‘ഒച്ച പ്രാര്‍ത്ഥന’യേയും വൈലോപ്പിള്ളി, തെല്ലൊരു തമാശയോടെ അവതരിപ്പിച്ചത്, ഇന്നും സ്മരിക്കുന്നത് ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാവും! ‘രാവില്‍ മുഴങ്ങും ഭഗവന്നാമം/ ഗോവിന്ദാ ഹരി ഗോവിന്ദാ/ അവിടെ കേള്‍ക്കട്ടേ, യെന്നോതിടു-/മാവേശത്തോടമ്മാമന്‍/ ‘എവിടെ കേള്‍ക്കണമെന്നൊരു സംശയ-/മമ്മയൊരിക്കല്‍ ചോദിക്കെ/ വൈകുണ്ഠത്തില്‍ കേള്‍ക്കണമത്രേ/ വ്യാഖ്യാനിച്ചാളമ്മായീ”. ഇത്തരം ‘അമ്മായി’ വര്‍ത്തമാനങ്ങളെ കാലം അതിജീവിച്ചു കഴിഞ്ഞിട്ടും പലരുമിപ്പോഴും അതിനുള്ളില്‍തന്നെ അടയിരിക്കുന്നതിലാണ് അഭിരമിക്കുന്നത്.
‘ടശഹലിരല ശ െവേല ഹമിഴൗമഴല ീള ഏീറ, മഹഹ ലഹലെ ശ െുീീൃ ൃേമിഹെമിശേീി’ എന്ന് ജമാലുദ്ദീന്‍ റൂമി! സഹോദരി, നീയെന്നോട് ദൈവത്തെക്കുറിച്ച് സംസാരിക്കൂ എന്ന് പറഞ്ഞപ്പോള്‍ നിക്കോസ് കസാന്‍ദ്‌സാക്കിസിന്റെ ബദാംമരം നിര്‍വൃതിയില്‍ നിറഞ്ഞ് പൂക്കുക മാത്രമാണ് ചെയ്തത്. എന്നാലിപ്പോള്‍ പി ജിംഷാര്‍ എന്ന പ്രതിഭാ സമ്പന്നനായൊരു യുവ എഴുത്തുകാരനെ ‘പടച്ചോന്റെ ചിത്രപ്രദര്‍ശനം’ എന്നൊരു കൃതി രചിച്ചതിന്റെ പേരില്‍ ‘നീ പടച്ചോനെക്കുറിച്ചും എഴുതും അല്ലേടാ’ എന്ന് പറഞ്ഞ് ‘മുസ്ലിം മതഗുണ്ടകള്‍’ അടിച്ചുവീഴ്ത്തുകയാണ് ചെയ്തത്. സല്‍മാന്‍ റുഷ്ദിക്കെതിരെ, ‘ദൈവത്തില്‍ നിന്നും ഒരമ്പ് പുറപ്പെട്ടുകഴിഞ്ഞു’ എന്ന ‘കവിത’ പറഞ്ഞ ആയത്തുല്ലാ ഖൊമേനിയോട്‌പോലും ഐക്യപ്പെടാനവര്‍ക്ക് കഴിയാതെപോയി എന്നതെത്ര സഹതാപാര്‍ഹമാണ്! ദൈവത്തെ വെല്ലുവിളിച്ച ‘ഇബ്‌ലീസ്’ എന്ന പഴയ മാലാഖാശ്രേഷ്ഠനെ തല്‍സമയം കരിച്ച് കളയാമായിരുന്നിട്ടും, അങ്ങിനെ ചെയ്യാതെ; അനന്ത കാലത്തോളം സ്വന്തം ആശയപ്രചാരണം നിര്‍വ്വഹിക്കാന്‍ മാത്രമല്ല, എന്ത് ‘ഫിത്‌ന’കള്‍ വേണമെങ്കിലും മനുഷ്യര്‍ക്കെതിരെ നിര്‍വ്വഹിക്കാന്‍ പോലുമുള്ള സമ്പൂര്‍ണ്ണ ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ നല്‍കിയ, പടച്ചോന്റെ പേരിലാണ്; മതതീവ്രവാദികള്‍ സ്വപ്നങ്ങളുടെയും ഭാവനകളുടെയും നിറപ്പകിട്ടുള്ള ഒരു ലോകം നിര്‍മിക്കുന്ന പി ജിംഷാര്‍ എന്ന യുവപ്രതിഭയെ ഇടിച്ചുവീഴ്ത്തിയത്. ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ പറഞ്ഞപ്പോള്‍, ഒന്നും പറയാതെ മൗനത്തില്‍ പൂത്ത് നിന്ന കസാന്‍ദ്‌സാക്കിസിന്റെ ആ ബദാംമരത്തെയും ‘നേരില്‍ കണ്ടാല്‍’ ഇവര്‍ പിഴുതെറിഞ്ഞേക്കും! ആചാരപരതയുടെ പാതാളങ്ങളില്‍ സ്ഥിരപാര്‍പ്പുറപ്പിച്ചവര്‍ക്ക് ‘ആത്മീയതയുടെ’ ഗിരിശൃംഗങ്ങള്‍ അപ്രാപ്യമാവുന്നതുകൊണ്ടാണ്, അവര്‍ തങ്ങളോട് സംസാരിക്കാന്‍ ധീരരാകാതെ, മറ്റുള്ളവര്‍ക്ക്‌നേരെ അലറുന്ന ഭീരുക്കളാവുന്നത്. ഇത്തരമവസ്ഥകളെ മനസ്സില്‍കണ്ട്‌കൊണ്ടാവുമോ എന്നറിഞ്ഞുകൂടാ, മലയാളത്തിന്റെ അഭിമാനമായ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതി: ‘പരിഭ്രമജനകമായ ഒരേകാന്തത. അത് എന്റെ ഓരോ അണുവിലൂടെയും ഹൃദയത്തിന്റെ അകക്കാമ്പുവരെ എത്തി. അപ്പോള്‍ എനിക്കോര്‍മ്മ വന്നു. പുരാതനമായ ആദിപൊരുള്‍. ഊരും പേരുമില്ലാത്തവരുടെ ഒടുവിലത്തെ ആശ്രയമാണ് ഈശ്വരന്‍. എനിക്കിതെന്നില്‍ തീരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. നിന്റെ ഈ മഹാപ്രഭാവം. ഞാന്‍ വളരെ ചെറിയ ഒരു ജീവിയാണല്ലോ. എനിക്കുവയ്യ, എന്നെ രക്ഷിക്ക്.’ ദൈവത്തിന്റെ പേരില്‍ മറ്റുള്ളവര്‍ക്ക് ശിക്ഷ വിധിക്കുന്നതില്‍ അഭിരമിക്കുന്നവര്‍ ബഷീറിലെന്നപോലെ സ്വയം ഉഴുതുമറിക്കാതെ അഗാധ മൗനങ്ങളില്‍ ആഴാതെ, വിനയാര്‍ദ്രരാവാതെ, സ്വയം വിസ്മയമാവുന്നൊരു സ്വപ്നംപോലും സൂക്ഷിക്കാതെ, മിതത്വത്തെ മാനിക്കാതെ, ‘അപരരെ’ ആദരിക്കാതെ ബഹളങ്ങളില്‍ രാപ്പാര്‍ക്കുകയാണ്. പൊതുവിടങ്ങള്‍ക്ക് മാത്രമല്ല, ആ പൊതുവിടങ്ങളുടെ പ്രകാശത്താല്‍ സ്വയം പ്രകാശിതമാവേണ്ട ‘സ്വകാര്യ ഇടങ്ങളെയും’ തടവറകളും കശാപ്പു ശാലകളുമാക്കി മാറ്റുകയാണവര്‍ ചെയ്യുന്നത്. ‘എല്ലാവരേയും രക്ഷിക്ക്’ എന്നര്‍ത്ഥത്തില്‍ ‘എന്നെ രക്ഷിക്ക്’ എന്ന് പ്രാര്‍ത്ഥിക്കുന്നതിന്നുപകരം, തങ്ങളില്‍നിന്നും വ്യത്യസ്തരായ സര്‍വ്വര്‍ക്കും ശിക്ഷ വിധിക്കാനാണവര്‍ ഉത്സുകരാവുന്നത്. മത-മതേതര-മതരഹിത ഗുണത നഷ്ടമായ ‘അന്ധവീര്യങ്ങളുടെ’ ആക്രോശങ്ങളല്ല; മറിച്ച് മാനവിക ഗുണതയുടെ, സ്‌നേഹാര്‍ദ്രമായ സംവാദങ്ങളാണ്, കാലം ആവശ്യപ്പെടുന്നത്.
രണ്ട്
പ്രശസ്തകവി ‘റഫീഖ് അഹമ്മദിന്റെ’ ‘ഇതാണ് പ്രാര്‍ത്ഥന’ എന്ന കവിത, മതാത്മകവും, മതേതരവും, മതരഹിതവുമായ നന്മകളുടെ അഗാധഒത്തിരിപ്പുകൊണ്ടാണ് ഹൃദയസ്പര്‍ശിയാവുന്നത്. ഉള്ളം നിറയ്ക്കുന്ന ഒരു പ്രാര്‍ത്ഥക്ക്, ഒരു സാംസ്‌കാരിക സമരം കൂടിയായി മാറാനാവുമെന്നാണത് സാക്ഷ്യപ്പെടുത്തുന്നത്. ‘മിണ്ടുവാന്‍ നാവില്ലാത്ത കേള്‍ക്കുവാന്‍ കാതില്ലാത്ത പൈതങ്ങള്‍ പഠിക്കുന്ന’ ഒരിടത്തുവെച്ചാണ് ആ ‘പ്രാര്‍ത്ഥന’ ഉരിത്തിരിയുന്നത്. പ്രാര്‍ത്ഥനക്കായി വേദിയില്‍നിന്ന് വിളിച്ച ഉടനെ, പ്രാര്‍ത്ഥന ചൊല്ലാന്‍ കയറിവന്ന, വിദ്യാര്‍ത്ഥി അക്ഷരാര്‍ത്ഥത്തില്‍തന്നെ പ്രാര്‍ത്ഥന ചൊല്ലാനാവാതെ പ്രയാസപ്പെടുകയായിരുന്നു. പറയാനുള്ള തന്റെ ശാരീരിക പ്രശ്‌നങ്ങളെ മറികടന്നു പ്രാര്‍ത്ഥന ചൊല്ലാനുള്ള അവന്റെ പിടച്ചിലില്‍ വെച്ചാണ്, ഒരു പതിവ് പ്രാര്‍ത്ഥന, ഉള്ളം പിളര്‍ക്കുന്ന ഒരസാധാരണ അനുഭവമായി വളരുന്നത്. ‘വാക്കുകളതിലില്ല, അക്ഷരങ്ങളുമില്ല/ തേക്കമോ ഞരക്കമോ പോലൊരു ദീനസ്വരം/ ഒട്ടിടനിര്‍ത്തി, വീണ്ടും തുടങ്ങി, തോറ്റിട്ടവന്‍/ നീര്‍ത്തടം പോലുള്ളൊരാ കണ്ണുകളുയര്‍ത്തവേ’ എന്ന കാവ്യഭാഗം വായിച്ചു തീരുമ്പോഴേക്കും നമ്മുടെ കണ്ണും തുളുമ്പിപ്പോവും! ഒരു ‘പരാശക്തി’ക്കു മുമ്പില്‍ പ്രദര്‍ശനമേതുമറിയാത്ത ഒരു നിസ്സഹായ ജീവിതം സമര്‍പ്പിക്കുന്ന ഒരുകുടന്ന കണ്ണീര്‍കണങ്ങളോളം മൂല്യമുള്ള മറ്റേതൊരു പ്രാര്‍ത്ഥനയാണുണ്ടാവുക. ഏതര്‍ത്ഥത്തിലുമത്, ഒരു ശബ്ദപ്രാര്‍ത്ഥന തന്നെയായിരുന്നു. എന്നിട്ടുമത് മൗനരോദനങ്ങളുടെ കണ്ണീര്‍ തുള്ളികളായി തീരുകയായിരുന്നു. വാക്ക് കിട്ടാത്തവന്‍ ഹൃദയംകൊണ്ടാലപിച്ച ആ പ്രാര്‍ത്ഥനയെ സാക്ഷിയാക്കി ‘ഇതാണ് പ്രാര്‍ത്ഥന’യെന്ന് കവി സാക്ഷ്യപ്പെടുത്തുമ്പോള്‍, അതെ ഇതിലധികം മൂല്യം മറ്റൊരു പ്രാര്‍ത്ഥനക്കും ഉണ്ടാവാനിടയില്ലെന്ന് നമ്മുടെ മനസ്സും സമ്മതിക്കും. ദൈവത്തെപോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുംവിധമാണ് ‘ഇതാണ് പ്രാര്‍ത്ഥന’യെന്ന കവിത അവസാനിക്കുന്നത്. ‘ആയിരം മതങ്ങളുണ്ടായിരം ദൈവങ്ങളുണ്ടാവകയ്‌ക്കെല്ലാമേറെ പ്രാര്‍ത്ഥനകളുമുണ്ടെന്നാല്‍/അത്രമേലുള്ളം ചുട്ടതൊന്നും ്യൂഞാന്‍ കേട്ടിട്ടില്ല/ അത്രയ്ക്കു നെഞ്ചംകീറി മുമ്പു ഞാന്‍ നിന്നിട്ടില്ല/ അത്രമേല്‍ അതൃപ്തിയില്‍ വെറുപ്പിലോര്‍ത്തിട്ടില്ല/ അന്ധനാം ബധിരനാം മൂകനാം ദൈവത്തിനെ’. യഥാര്‍ത്ഥ പ്രാര്‍ത്ഥന ആരുടേതായിരിക്കുമെന്ന് കണ്ടുപിടിക്കാനും അതേക്കുറിച്ച് ആത്യന്തികമായി വിധി പ്രഖ്യാപിക്കാനും, ആര്‍ക്ക് കഴിയുമെന്ന ചോദ്യമേയല്ലാത്ത ഒരു ചോദ്യമാണ്, കവിതയില്‍ ഉത്തരമേ പ്രതീക്ഷിക്കാതെ, സങ്കടങ്ങളുടെ പര്‍വ്വതങ്ങളിലേക്ക് കണ്ണുനീരൊഴുക്കി കയറിപ്പോവുന്നത്. ‘മര്‍ദ്ദിതന്റെ’ പ്രാര്‍ത്ഥനയെ ഭയക്കുക, എന്തുകൊണ്ടെന്നാല്‍ മര്‍ദ്ദിതനും ദൈവത്തിനുമിടയില്‍ മറകളില്ലെന്ന ഖുര്‍ആന്‍ വാക്യം പ്രാര്‍ത്ഥനകളുടെ വൈവിധ്യങ്ങള്‍ക്കും അനൗപചാരികതകള്‍ക്കും മേല്‍വന്നുവീഴുന്ന പൂക്കളാവാം.
‘ബാങ്ക് വിളി’ അതിന്റെ ‘മതാത്മകത’ മാറ്റിവെച്ചാല്‍പോലും മഹത്തായൊരു ചരിത്രസംഭവമെന്ന നിലയില്‍ ഇന്നും വിമോചനചരിത്രങ്ങളില്‍ ‘തിരിച്ചറിവിന്റെ’ മഹാസമുദ്രമായി ഇരമ്പി മറിയും. അബ്‌സീനിയന്‍ അടിമയായിരുന്ന ബിലാലിന്റെ ‘ബാങ്ക് വിളി’ ഹൃദയം പൊട്ടിയുള്ള നിലവിളിയും അതിനെയുമതിവര്‍ത്തിക്കുന്നൊരു നിര്‍വൃതിയുമായിരുന്നു. അന്ന് വിളിച്ച ആ ബാങ്കില്‍ അടിമത്ത വ്യവസ്ഥക്കെതിരെ, ആ വ്യവസ്ഥയുടെ പീഡനമനുഭവിച്ച ഒരടിമ, ചോരയും കണ്ണീരും കൊണ്ടെഴുതിയ വിയോജിപ്പിന്റെ തീയാണ് ജ്വലിച്ചത്. അന്ന് ബാങ്ക് വിളി ദിഗന്തങ്ങള്‍ ഞെട്ടുമാറുച്ചത്തില്‍ വിളിക്കേണ്ടതുണ്ടായിരുന്നു. ബഷീര്‍ പ്രശസ്തമാക്കിയ ‘ഞാന്‍ ഞാന്‍ എന്നഹങ്കരിച്ച രാജാക്കന്മാര്‍ക്കും സുല്‍ത്താന്‍മാര്‍ക്കുമെതിരെ ഒരടിമ വായിച്ച ഒരു കുറ്റപത്രം കൂടിയാണ്, ദൈവസ്തുതിക്കൊപ്പം, അന്നവിടെ സമരോത്സുകമായത്. എന്നാലിന്ന് വിവിധ ആരാധനാലയങ്ങളില്‍നിന്ന് ഉച്ചഭാഷിണികള്‍ തമ്മില്‍തമ്മില്‍ നടത്തുന്ന ഒരനാവാശ്യ മത്സരം പോലെയാണ്, ബാങ്ക് വിളികള്‍ ഉയരുന്നത്. ‘മുമ്പ് പൂങ്കോഴിതന്‍ കൂവലേ കേട്ടുണര്‍ന്നോരിന്ന് കമ്പനി ചൂളംവിളി കേട്ടുണരുന്നു’ എന്ന് മാറിവന്ന ഒരു കാലഘട്ടത്തെക്കുറിച്ച് വൈലോപ്പിള്ളി. എന്നാലിന്ന് നമ്മളവിടെനിന്നും മുന്നോട്ട് പോയിരിക്കുന്നു. സുബ്ഹിബാങ്കോ, സുബ്ബലക്ഷ്മിയുടെ കീര്‍ത്തനമോ കേട്ട് ഓരോരുത്തര്‍ക്കും ഉണരാനാവുംവിധം, ജീവിതം മാറിയിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ്, പ്രാര്‍ത്ഥനകളുടെ പേരിലുള്ള ‘ശബ്ദപ്രളയം’ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ പ്രസക്തമാവുന്നത്. ഇതൊരുതരത്തിലും മതാചാരങ്ങള്‍ക്കെതിരെയുള്ള ഒരു ജനാധിപത്യവിരുദ്ധ നീക്കമല്ല, മറിച്ച് മതതത്വചിന്തയോടും, മതേതര തത്വചിന്തയോടും ഒത്തുപോകാനുള്ള ആചാരക്രമീകരണങ്ങളെക്കുറിച്ചുള്ള ഒരു ജനാധിപത്യ അന്വേഷണം മാത്രമാണ്. ആചാരപരതയുടെ താഴ്‌വരകളില്‍നിന്നും, ആദര്‍ശാത്മകതയുടെ ആകാശം കാണാന്‍ മനുഷ്യര്‍ സന്നദ്ധരാവുമ്പോള്‍ ‘മാറ്റങ്ങള്‍’ അനിവാര്യമായും സംഭവിക്കും. ഇല്ലെങ്കില്‍ മനുഷ്യര്‍ ‘ഇത്തരിവട്ടം’ മാത്രം കാണുന്നവരായി മാറും. ‘ഥീൗ ംശഹഹ ില്‌ലൃ ളശിറ മ ൃമശിയീം, ശള ്യീൗ മൃല ഹീീസശിഴ റീംി’ (ഇവമുഹശി)’.
മൂന്ന്
ഉടയോരേ
പരിഷ്‌കൃതിയുടെ മോഹിപ്പിക്കുന്ന
ഈ സ്വരരാക്ഷസം
ഞങ്ങളുടെ കാതുകളില്‍ നിന്നകറ്റേണമേ… (കെ ജി എസ്)
ബഹളങ്ങളില്‍വച്ചു വാക്കുകള്‍ ശക്തിപ്പെടുകയല്ല മറിച്ചവ പരസ്പരം കൂട്ടിമുട്ടി ശിഥിലമാവുകയാണു ചെയ്യുന്നത്. ചിലപ്പോഴെങ്കിലും മനുഷ്യര്‍ ശബ്ദമുയര്‍ത്തുന്നതു സ്വയമൊരുറപ്പു കുറയുമ്പോഴാണ്. മനുഷ്യരും മനുഷ്യരും തമ്മിലുള്ള ബന്ധം അത്യന്തം സങ്കീര്‍ണ്ണമാകുമ്പോള്‍ ഒച്ചകൂട്ടലും കുറയ്ക്കലും ആവശ്യമായിത്തീരും. എന്നാല്‍ മനുഷ്യരും ദൈവവും തമ്മിലുള്ള സ്വകാര്യവും സുതാര്യവുമായ ബന്ധത്തില്‍, ബഹളത്തോടടുക്കുംവിധമുള്ള, ‘സ്വരരാക്ഷസങ്ങള്‍’ സൃഷ്ടിക്കപ്പെടുന്നതു സ്വാഗതാര്‍ഹമല്ല. മനസ്സില്‍ കരുതുന്നതടക്കം സര്‍വ്വവും തിരിച്ചറിയുന്ന ഒരു ദൈവത്തിന്റെ മുമ്പില്‍നിന്നു ഭക്തര്‍ അലറിവിളിക്കേണ്ട കാര്യമില്ല.
പഴയ ആശ്രമങ്ങള്‍ ശബ്ദമാലിന്യത്തിന്നെതിരേയുള്ള പ്രതിരോധം കൂടിയായിരുന്നു. നിശ്ശബ്ദതയുടെ ഒരു മാതൃകാസ്ഥാനമായി ബഹളങ്ങള്‍ക്കു നടുവില്‍ അവ കൂസലന്യേ നിവര്‍ന്നു നിന്നു. ഭൂമിയുടെ അവകാശികള്‍ക്കൊക്കെയും സൗഹൃദം പങ്കുവയ്ക്കുംവിധം തളിരും താരുമണിഞ്ഞതു പൂത്തുനിന്നു. സത്യസങ്കല്പങ്ങളുടെ സമന്വയംകൊണ്ട്, ഇന്നുമതു മനുഷ്യജീവിതത്തെ ആകര്‍ഷിക്കുന്നു. ബന്ധങ്ങളുടെ പച്ചപ്പുകള്‍ക്കിടയില്‍നിന്നു മഹാവനങ്ങളുടെ നടുവിലേക്കു മഹര്‍ഷിമാര്‍ മുമ്പു നടന്നകന്നതു പ്രകൃതിബന്ധുത്വത്തിന്റെ മറ്റൊരു വിസ്തൃതലോകം സ്വപ്നം കണ്ടുകൊണ്ടായിരിക്കണം. കാമക്രോധമോഹലോഭമാത്സര്യാദികളുടെ കളങ്കമുദ്ര പതിയാത്ത ഒരു സമാന്തരലോകം സൃഷ്ടിക്കാനവര്‍ മോഹിച്ചിരിക്കണം. എങ്കിലുമവരുടെ നിശ്ശബ്ദത നിശ്ശൂന്യമായിരുന്നില്ല. അതില്‍ ജനിമൃതികളുടെ നേരും നിഴലുമുണ്ടായിരുന്നു. ഇഴപൊട്ടിയ ജീവിതങ്ങളുടെ കണ്ണീരുപ്പു കലര്‍ന്നിരുന്നു. മോക്ഷത്തെക്കുറിച്ചുള്ള നിനവുകളതില്‍ നിറഞ്ഞിരുന്നു. പ്രപഞ്ചപ്പൊരുള്‍ അതില്‍ തിളച്ചിരുന്നു.
വ്യാപാരത്തിന്റെ കൊത്തിവലിക്കുന്ന വലിവുകള്‍ക്കിടയില്‍നിന്നു സാന്ത്വനംതേടി ഹിറാഗുഹയിലെത്തിയ മുഹമ്മദ്‌നബിയും കൊട്ടാരസമൃദ്ധിയുടെ നട്ടുച്ചവെയിലില്‍നിന്നു ബോധിവൃക്ഷച്ചുവട്ടില്‍ ജീവിതത്തിന്റെ തണല്‍തേടിയെത്തിയ ശ്രീബുദ്ധനും മര്‍ദകലോകത്തിനെതിരേ സ്വന്തം സ്വപ്നലോകങ്ങള്‍ നിര്‍മ്മിച്ചവരാണ്. അവരുടെ മൗനങ്ങളില്‍ ഇടിമുഴക്കംപോലുള്ള ശബ്ദങ്ങളാണ് ഇരമ്പിമറിഞ്ഞത്. ബഹളങ്ങളില്‍നിന്നവര്‍ മൗനത്തിലേക്കു പിന്‍വലിഞ്ഞത് അര്‍ത്ഥപൂര്‍ണമായ ശബ്ദങ്ങളുടെ ലോകത്തിനു ശക്തിപകരാനായിരുന്നു. മൗനം അവര്‍ക്കു മരണമായിരുന്നില്ല, മഹത്തായ പുതിയ ജീവിതത്തിലേക്കുള്ള രണ്ടാം പിറവിയായിരുന്നു. സര്‍ഗാത്മകമായ പ്രസ്തുത മൗനത്തില്‍ വച്ചാണവര്‍, മാരകശക്തിയുള്ള സൂക്തങ്ങള്‍ സൃഷ്ടിച്ചത്.
അന്നവ നിവര്‍ന്നു നിന്നതു നിറഞ്ഞ മൗനത്തിന്റെ ഉരുക്കു കാലുകളിലായിരുന്നു. ഒരുള്‍വലിയല്‍ എന്നു തോന്നിപ്പിക്കും വിധമുള്ള ഒരുയര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്. അര്‍ത്ഥസാന്ദ്രമായ അന്വേഷണങ്ങള്‍കൊണ്ട്, സര്‍ഗാത്മകമായ മൗനംകൊണ്ട്, ത്യജിക്കലിന്റെ തിളക്കംകൊണ്ട്, വിശാലവീക്ഷണത്തിന്റെ മന്ദഹാസംകൊണ്ട്, കൊള്ളരുതായ്മകള്‍ക്കെതിരേയുള്ള തീക്കൊള്ളികള്‍കൊണ്ട്, വിയോജിക്കുന്നവരെപ്പോലും വിസ്മയിപ്പിക്കുംവിധമുള്ള കവിത്വംകൊണ്ട് അന്നതിനു സ്വന്തം ഔന്നത്യം അനുഭവിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.
എന്നാലിന്ന് ആദ്ധ്യാത്മിക നേതൃത്വത്തിലൊരു വിഭാഗമെങ്കിലും മൗനത്തിന്റെ കലയില്‍നിന്ന് ആക്രോശത്തിന്റെ ശാസ്ത്രത്തിലേക്കാണു കുതിക്കുന്നത്. സ്വന്തം ശബ്ദം വേറിട്ടു കേള്‍പ്പിക്കാനല്ല, സര്‍വ്വവിധത്തിലുള്ള വ്യത്യസ്തശബ്ദങ്ങളെയും കലക്കുംവിധമുള്ള ബഹളങ്ങള്‍ സൃഷ്ടിക്കാനാണവര്‍ ശ്രമിക്കുന്നത്. പ്രാര്‍ത്ഥന അകപ്പൊരുളിലേക്കുള്ള തിരിച്ചുപോക്കാണെങ്കില്‍, സ്വത്വത്തെ മെച്ചപ്പെടുത്താന്‍ സ്വയം നിര്‍വ്വഹിക്കുന്ന മല്‍പിടുത്തമാണെങ്കില്‍, പൊതുസ്ഥലങ്ങളിലെങ്കിലും ബഹളം വയ്ക്കാതിരിക്കാനുള്ള വിനയമതു വികസിപ്പിക്കണം. സ്വന്തം ദൈവത്തെയും സ്വന്തം സമീപനങ്ങളെയും മറ്റുള്ളവരുടെ മേല്‍ സങ്കുചിതമായി അടിച്ചേല്‍പ്പിക്കുന്നതിന്നു പകരം, സമസ്ത വ്യത്യസ്തതകള്‍ക്കും കാലുഷ്യമില്ലാതെ കൈകൊടുക്കാനവസരം ഒരുക്കുംവിധം, അത് മഹത്തായ മൗനത്തിലേക്കു മാറിനില്‍ക്കണം.
ഉച്ചഭാഷിണിയുടെ മുഴക്കത്തില്‍നിന്നല്ല, ഉച്ചരിക്കപ്പെടുന്നവാക്കിന്റെ നിറസമൃദ്ധിയില്‍ നിന്നാണതു നിര്‍വൃതി നുകരേണ്ടത്. ഒരു പ്രത്യേക വിശ്വാസം പങ്കുവയ്ക്കുന്നവരുടെ ഒരു കൂട്ടായ്മയില്‍വച്ചു പ്രകടിപ്പിക്കുന്ന വിധത്തിലല്ല അത്തരം വിശ്വാസം പങ്കുവയ്ക്കപ്പെടാത്തവരുടെ വേറൊരു കൂട്ടായ്മയില്‍ അത് അവതരിപ്പിക്കേണ്ടത്. അതിലാഹ്ലാദിക്കാനാവാത്ത നിരവധി പേരുടെ കാതിലേക്ക് എന്തിനത് അടിച്ചുകയറ്റണം? സ്വയം ബോധ്യത്തിന്റെ ആഴത്തില്‍ നിന്നു വികസിച്ചുവരേണ്ട വിശ്വാസം അന്യബോധ്യങ്ങളുടെ മേലുള്ള അക്രാമകമായ അടിച്ചേല്‍പ്പിക്കലുകളായി ചുരുങ്ങുകയാണ് അപ്പോള്‍ ചെയ്യുന്നത്! അറബിയിലും സംസ്‌കൃതത്തിലും മലയാളത്തിലുമായി അരങ്ങു തകര്‍ക്കുന്ന ശബ്ദപ്രാര്‍ത്ഥനങ്ങള്‍ അതാതു മതങ്ങളുടെ പരസ്യങ്ങള്‍ മാത്രമായി പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ്.
മതേതരത്വം മുടന്തുന്ന ഒരു ബഹുമത-മതരഹിത സമൂഹത്തില്‍, മൗനപ്രാര്‍ത്ഥനയുടെ മാര്‍ഗമാണ് വികസിപ്പിക്കേണ്ടത്. വ്യത്യസ്ത വകുപ്പില്‍പ്പെട്ട വിശ്വാസികള്‍ക്കും ഒരു മതവകുപ്പിലും സ്വയം ഉള്‍പ്പെടാത്ത മതരഹിതര്‍ക്കും നല്ല ഒരു തുടക്കത്തിനുള്ള അവസരമായി സൗഹൃദപൂര്‍വ്വം മൗനപ്രാര്‍ത്ഥനാ സമയത്തെ സ്വയം സ്വാംശീകരിക്കാന്‍ കഴിയും. കൈകൂപ്പിയും, കൈചുരുട്ടിയും സ്വന്തം കാഴ്ചപ്പാടുകള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. സ്വന്തം ഇഷ്ടം, ഇഷ്ടമില്ലാത്തവരുടെ ഇടയില്‍ അടിച്ചേല്‍പ്പിച്ചില്ലല്ലോ എന്ന കുറ്റബോധംകൂടാതെതന്നെ ആര്‍ക്കും, മൗനവേളയില്‍, പ്രാര്‍ത്ഥിക്കാനോ പ്രാര്‍ത്ഥിക്കാതിരിക്കാനോ കഴിയും. എന്നിട്ടും നമ്മളില്‍ ഒരു വിഭാഗമെങ്കിലും ഇപ്പോഴും ശബ്ദപ്രാര്‍ത്ഥനയുടെ നടത്തിപ്പുകാരാവുന്നതിന്റെ യുക്തിയാണു മനസ്സിലാവാത്തത്.
നിശ്ശബ്ദതയുടെ ഫലം പ്രാര്‍ത്ഥനയാകുന്നു
പ്രാര്‍ത്ഥനയുടെ ഫലം വിശ്വാസമാകുന്നു
വിശ്വാസത്തിന്റെ ഫലം സ്‌നേഹമാകുന്നു
സ്‌നേഹത്തിന്റെ ഫലം സേവനമാകുന്നു
സേവനത്തിന്റെ ഫലം സമാധാനമാകുന്നു.
-(മദര്‍ തെരേസ).
ഉപേക്ഷിക്കപ്പെട്ടവര്‍ക്കുവേണ്ടി ജീവിച്ച മദര്‍ തെരേസ സന്ദര്‍ശകര്‍ക്കുള്ള മഞ്ഞ കാര്‍ഡില്‍ എഴുതിവച്ചിരിക്കുന്നത്, മൗനത്തിന്റെ മഹത്വമാണ്. മഹര്‍ഷി/ പ്രവാചകപാരമ്പര്യത്തിന്റെ ഒരു തീപ്പൊരിയാണ് അതില്‍നിന്നു പ്രകാശിക്കുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: